സൗഹൃദങ്ങളിലൂടെ...

                                                        



                                                       എന്റെ ജീവിതത്തിലെ സൗഹൃദങ്ങളിലൂടെ ഒരു യാത്ര പോയാൽ അത് സന്തോഷവും സങ്കടവും കലർന്നതായിരിക്കും. ഞാനെന്താണോ അങ്ങിനെ തന്നെ എന്നെ പൂർണ്ണമായും മനസ്സിലാക്കി ഇന്നും എന്റെ കൂടെത്തന്നെയുള്ള സൗഹൃദങ്ങളും പാതി വഴിയിൽ മുറിഞ്ഞു പോയവയും ഉണ്ട്. രണ്ടായാലും ഈ അവസരത്തിൽ അവരെയെല്ലാം  സ്നേഹത്തോടെ ഓർക്കുന്നു ... എന്റെ വിവാഹ സമയത്ത് ഏട്ടനൊപ്പം എല്ലാത്തിനും നിന്ന ഏട്ടന്റെ സൗഹൃദങ്ങൾ.. അവരൊക്കെ മറക്കാനാവാത്ത നല്ല ഓർമ്മകളായി ഇന്നും എന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. ഏട്ടന്റെ ചങ്ങാതിമാരായല്ല എന്റെ കൂടപ്പിറപ്പുകളായിത്തന്നെ. ചില സൗഹൃദങ്ങൾ അങ്ങിനെയാണ് എന്റെ ജീവിതത്തിൽ ഇപ്പോഴും. സുഹൃത്തുക്കൾ എന്നതിലുപരി കൂടപ്പിറപ്പുകളായി മാറാറുണ്ട് അവരെനിക്ക്.

                                                         അങ്ങിനെയുള്ള ഒരു ചങ്ങാതിയെപ്പറ്റി ഇവിടെ ചിലതു കുറിക്കട്ടെ .. അവൾക്ക് ഒരിക്കലും അറിയില്ല എന്റെ ജീവിതത്തിൽ ഇത്രയധികം പ്രാധാന്യമുണ്ടെന്ന്. അതെന്തുകൊണ്ടാണെന്നറിയോ ?  അവൾ ചെയ്യുന്ന ഉപകാരങ്ങളെപ്പറ്റി  പിന്നെ സംസാരിക്കുന്നത് ഞാൻ കേട്ടിട്ടില്ല ഒരിക്കലും. എന്തു സഹായവും ചെയ്തു തരും എന്നല്ലാതെ അതിന്  അവൾ തിരിച്ചൊന്നും പ്രതീക്ഷിച്ചു കണ്ടിട്ടില്ല ഞാൻ ഇതുവരെ. ഒരുപാട് അവസരങ്ങളിൽ എനിക്ക് മുന്നോട്ടു പോവാനുള്ള ഊർജ്ജമായി മാറിയിട്ടുണ്ട് അവൾ. ഒരുപാട് അറിവൊന്നുമില്ല അവൾക്ക് ജീവിതാനുഭവങ്ങളല്ലാതെ. ഒരുപാട് വിദ്യാഭ്യാസവുമില്ല. ഞാൻ അവളെക്കുറിച്ച് ഈ എഴുതുന്നത് വായിക്കാത്ത അറിയാത്ത എന്റെ ഒരേയൊരു കൂട്ടുകാരിയും അവൾ തന്നെയാണ്.


                                                            
ആത്മാർത്ഥതയുള്ള സൗഹൃദമാണെങ്കിൽ അത് ഒരിക്കലും നമ്മെ വിട്ടു പോവുകയില്ല എന്ന് വിശ്വസിക്കാനാണ് എനിയ്ക്കിഷ്ടം. ഒരു നല്ല സൗഹൃദത്തെ ഞാൻ മനസ്സിലാക്കിയിരിക്കുന്നത് അങ്ങിനെയാണ്. തെറ്റിദ്ധാരണകൾക്കും ഒഴിവാക്കപ്പെടലുകൾക്കുമൊന്നും അവിടെ സ്ഥാനമുണ്ടാവില്ല. എന്തു തന്നെയായാലും അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞു തിരുത്തി നമ്മുടെ സൗഹൃദത്തെ ഒരു പോറലു പോലുമേല്പിക്കാതെ മുന്നോട്ടു കൊണ്ടുപോവാനുള്ള സ്വാതന്ത്ര്യം ആത്മാർത്ഥ സുഹൃത്തുക്കൾക്കിടയിൽ എന്നുമുണ്ടാവും. നല്ല സൗഹൃദങ്ങളെ വിട്ടുകളയാതെ എല്ലായ്പ്പോഴും ചേർത്തു പിടിക്കാൻ നമുക്കെല്ലാവർക്കും സാധിക്കട്ടെ ...


സ്മിത

Comments

Post a Comment

Popular Posts