എന്റെ അമ്മ

                                                         





                                                            അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ തുടങ്ങിയത് അമ്മ എന്നെ വിട്ടുപോയതിനു ശേഷമാണ്.  അമ്മയോട് പറയാൻ ബാക്കി വെച്ച ഒരുപാട് കാര്യങ്ങൾ കടലാസുകളിൽ പകർത്താൻ തുടങ്ങിയപ്പോൾ ആശ്വാസം കിട്ടിയെങ്കിലും അതും നൈമിഷികം മാത്രം ആയിരുന്നു.  മനസിന് ഒരു തരം വാശിയാണ് ചില സമയങ്ങളിൽ. അമ്മയോട് തന്നെ സംസാരിക്കണം എന്ന വാശി. അപ്പോൾ മാത്രം അമ്മയുടെ ചിത്രം ഞാൻ കയ്യിലെടുക്കും. പക്ഷേ നിറയുന്ന കണ്ണുകൾ പലപ്പോഴും അനുവദിക്കാറില്ല സംസാരിക്കാൻ .

                                                               മൂന്നു വർഷങ്ങൾ ആവുന്നു അമ്മ പോയിട്ട്. പക്ഷേ അവസാനമായി അമ്മ കിടന്ന ആശുപത്രിയിലെ ആ ഐ സീ യൂ വിന്റെ മുന്നിലാണ് ഞാനിപ്പോഴും. ഓർമ തെളിയുന്ന,  എന്നെ കാണണം എന്ന് പറയുന്ന എന്റെ അമ്മയെ കാത്ത് … അവിടെ നിന്ന് ഒരടി പോലും മനസ്സു കൊണ്ട് മുന്നോട്ട് നടക്കാൻ സാധിച്ചിട്ടില്ലെനിക്ക് ഇതു വരെ. എല്ലാ കർമങ്ങളും കഴിഞ്ഞ, മനസ്സും ശരീരവും തളർന്ന  ആ രാത്രിയിലെ ഉറക്കത്തിലും എന്റെ മനസ്സിൽ ഉണ്ടായിരുന്നത് അന്ന് ആശുപത്രിയിൽ നടന്ന കാര്യങ്ങളെല്ലാം അമ്മയോട് പറയണ്ടേ എന്നായിരുന്നു. രാവിലെ എഴുന്നേറ്റ് ഇതൊന്നും പറയാൻ ഇനി അമ്മയില്ല എനിക്ക് എന്ന സത്യത്തിലേക്ക് കണ്ണു തുറക്കുമ്പോൾ എന്റെ മനസ്സ് നാല്പതുകളിൽ എത്തി നിൽക്കുന്ന ഒരാളുടേതല്ലായിരുന്നു. മറിച്ച് തനിയെ ഒരിടത്തു നിർത്തിപ്പോയ അമ്മയെ കാത്തു കാത്തുനിൽക്കുന്ന ഒരു കുഞ്ഞിന്റേതായിരുന്നു .

                                                            ഒരുപാട് ഭാഗ്യം ചെയ്തിട്ടുണ്ട് എന്റെ അമ്മ എന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. കാരണം ഒരു മറവിക്കും വിട്ടു കൊടുക്കാതെ എന്റെ അമ്മയെ ഇപ്പോഴും ഞാൻ മനസ്സിൽ കൊണ്ടു നടക്കുന്നുവെന്നത് അമ്മ എന്നെ എത്ര മാത്രം സ്വാധീനിച്ചിരുന്നു എന്നതിന്റെ തെളിവാണ്. ഒരു അമ്മയെന്ന നിലയിൽ മരണം വരെ മക്കൾക്കു വേണ്ടി ജീവിച്ച് അതിനു ശേഷവും ആ മക്കളുടെ മനസ്സിൽ അതേ പോലെ ജീവിക്കാൻ കഴിയുക എന്നത് എല്ലാവർക്കും കിട്ടുന്ന ഒരു ഭാഗ്യമല്ല. എല്ലാ തവണയും അസുഖം മാറി തിരിച്ചു വരുന്നതു പോലെ അന്നും അമ്മ തിരിച്ചു വരുമെന്നായിരുന്നു എന്റെ മനസ്സിൽ. പക്ഷേ അന്ന് അതുണ്ടായില്ല .



                                                                2018 സെപ്റ്റംബർ 28 നാണ് അമ്മ പോയത്. തലേന്ന് വെന്റിലേറ്ററിലേക്ക് മാറ്റിക്കഴിഞ്ഞ് പെട്ടെന്ന് നല്ല ഇടിയും മഴയും ഉണ്ടായി. ആരെങ്കിലും മരിച്ച ദിവസം അങ്ങിനെയുണ്ടാവുമ്പോൾ അമ്മ തന്നെ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട് ഭൂമിയിലെ ജീവിതം പൂർത്തിയാക്കി തിരിച്ചു വരുന്നവരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളാണ് അതെന്ന്. മനസ്സിൽ വല്ലായ്മ തോന്നിയെങ്കിലും അത് ഒരിക്കലും എന്റെ അമ്മയെ കൊണ്ടുപോവാനുള്ള ഒരുക്കങ്ങളുടെ മുന്നോടിയായ വാദ്യഘോഷങ്ങളാണെന്ന് ഞാൻ കരുതിയില്ല. നല്ല ഓർമ്മകളിലൂടെ മാത്രമേ എനിക്കെന്റെ അമ്മയെ അവതരിപ്പിക്കാൻ ആവുകയുള്ളൂ ... ഇപ്പോഴും എന്തു ചെയ്യുമ്പോഴും മനസ്സിൽ അനുവാദം ചോദിക്കാറുണ്ട് ഞാനെന്റെ അമ്മയോട് അമ്മ എല്ലാം അറിയുന്നുണ്ടാവും  എന്ന വിശ്വാസത്തിൽ. അത് അങ്ങിനെ തന്നെ എന്റെ അവസാന ശ്വാസം വരെ എന്നിൽ നിറഞ്ഞു നിൽക്കട്ടെ .


സ്മിത

Comments

  1. വളരെ നന്നായി എഴുതി. മിസിന്റെ മനസ്സിന്റെ വേദന ശരിക്കും പ്രതിഫലിച്ചു കാണുന്നുണ്ട് ഇനിയും എഴുതുക

    ReplyDelete
  2. പ്രായം തോറും അധികമാളുകളിൽ സ്വാന്തം അമ്മയോട് ഇഷ്ടകേടുകൾ വരുന്നതും അവരെ വൃദ്ധ സദനത്തിൽ കൊണ്ടു പോവുന്നതും ഞാൻ കേട്ടിട്ടുണ്ട്..എന്നാൽ ദിവസം കൂടും തോറും സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും പേരിൽ സ്വന്തം അമ്മയെ ഓർത്ത് സങ്കട പെടുന്ന മിസ്സിന്റെ എഴുത്ത് വല്ലാതെ ഫീൽ ചെയ്തു...സ്നേഹിക്കാൻ 'അമ്മ തൊട്ടരികിൽ ഇല്ലെങ്കിൽ എഴുത്തിലൂടെ കുശാലാനേഷണങ്ങൾ നടത്തുന്ന മിസ്സിന്റെ വാക്കുകൾ☺️💔...ഇനിയും എഴുതണം ഒരുപാട്....👍🏻

    ReplyDelete
  3. വളരെ നന്നായിട്ടുണ്ട് ട്ടോ ....

    ReplyDelete

Post a Comment

Popular Posts