ഓർമ്മത്തണലിൽ അമ്മ





 അമ്മ എന്ന രണ്ടക്ഷരത്തിന് ഇതു വരെ ഞാൻ കരുതിയതിനേക്കാൾ ഒരുപാട് ആഴമുണ്ടെന്ന് അനുഭവിച്ചറിയുന്ന ഒരുപാട് സന്ദർഭങ്ങളിലൂടെയാണ് ഞാനിപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഓരോ ദിവസവും എന്റെ അമ്മ എന്നെ അത്ഭുതപ്പെടുത്തികൊണ്ടിരിക്കയാണ്.. അത്രക്ക്  അമ്മയുടെ അഭാവം എന്റെ ജീവിതത്തിൽ ശൂന്യത ഉണ്ടാക്കുന്നുണ്ട്. അത് എത്രയാണെന്ന് എഴുതി ഫലിപ്പിക്കാൻ ആവില്ലെനിക്ക്. അമ്മ പോയതിനു ശേഷം അധികം ആഘോഷങ്ങളിലൊന്നും പങ്കെടുത്തിട്ടില്ല ഞാൻ. മനസ്സുകൊണ്ട് തോന്നാറില്ല എന്നതാണ് സത്യം. എന്നാൽ ഈയടുത്ത ഒരു ദിവസം ഒഴിച്ചു കൂടാനാവാത്ത ഒരു ചടങ്ങിൽ ഒന്നു കയറിയിറങ്ങാൻ പോയപ്പോഴും എല്ലവരും എന്നോട് അന്വേഷിച്ചത് അമ്മയെവിടെയെന്നായിരുന്നു. എനിക്ക് എന്തു കൊണ്ടാണ് അമ്മ എന്റെ കൂടെയില്ല എന്ന സത്യവുമായി പൊരുത്തപ്പെടാൻ ആവാത്തത് എന്നു മനസ്സിലായ കുറച്ചു നിമിഷങ്ങളായിരുന്നു അത്. വല്ലപ്പോഴും മാത്രം കണ്ടുമുട്ടിയിരുന്ന അവർക്കു പോലും അമ്മ ഉണ്ട് ഇപ്പോഴും എന്റെ കൂടെയെന്ന് വിശ്വസിക്കാനാണ് ഇഷ്ടം പിന്നെ എങ്ങിനെ എനിക്ക് മറിച്ചു ചിന്തിക്കാൻ സാധിക്കും? പക്ഷേ  ഇപ്പോൾ  ഞാൻ അഭിമുഖീകരിക്കേണ്ടി വരുന്ന ചില കാര്യങ്ങൾ.. അതിനു മുന്നിൽ എന്തു ചെയ്യണം എന്നറിയാതെ ആകെ ആശയക്കുഴപ്പത്തിലാവുമ്പോൾ ആ നഷ്ടം ശരിക്കും ഞാൻ തിരിച്ചറിയുന്നു.. അമ്മ കൂടെയുണ്ടായിരുന്നെങ്കിൽ ആർക്കും വേദനിപ്പിക്കാൻ കഴിയില്ലായിരുന്നു എന്നെ. അമ്മ പോയതോടെ എനിക്ക് ചുറ്റും ഉണ്ടായിരുന്ന സംരക്ഷണവും കരുതലും ആണെനിക്ക് നഷ്ടപ്പെട്ടത്. ആരാലും എനിക്കത് വീണ്ടെടുത്ത് തരാൻ കഴിയില്ല എന്നറിയാം എങ്കിലും അക്ഷരങ്ങളിലൂടെ ഇതെല്ലാം പകർത്തി വെക്കുമ്പോൾ അത്രയെങ്കിലും ആശ്വാസമാവാറുണ്ട്.. ചിലർ ജീവിതത്തിലേക്ക് കയറിവന്ന് വേദനിപ്പിച്ചിട്ടു പോവുമ്പോൾ വെറുതെയാണെങ്കിലും ആത്മാർഥമായി ആഗ്രഹിച്ചു പോവുകയാണ് ഞാൻ എന്റെ അമ്മയുടെ ആ കരുതലിൽ, ആ സ്നേഹത്തിൽ കുറച്ചു നിമിഷങ്ങളെങ്കിലും ഒന്നുകൂടി ഒന്നു ജീവിക്കാൻ..

Comments

Popular Posts